Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിൽ ടി.ഐ.മധുസൂദനൻ മത്സരിക്കുമോയെന്ന് നോക്കട്ടെ അതിനുശേഷം തന്റെ നിലപാട് പറയാമെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയുണ്ടായി. ഏരിയാ കമ്മിറ്റിയിൽ നിന്ന് ചില അംഗങ്ങൾ ഇറങ്ങിപ്പോയത് താൻ ഉന്നയിച്ച വിഷയങ്ങൾക്കുള്ള പിന്തുണയായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിലെ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും താൻ പറയുന്നത് ശരിയെന്ന് വിശ്വസിക്കുന്നവരാണ്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളില്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
ബൈക്ക് കത്തിച്ച കേസിലും ഭീഷണിപ്പെടുത്തിയ സംഭവത്തിലും പോലീസ് അന്വേഷണം മരവിച്ച അവസ്ഥയിലാണ്. കുറ്റവാളികളെ കണ്ടെത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
Kerala
കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെതിരേ സിപിഎം നടപടിയെടുത്തതു വേഗത്തിൽ. വെളിപ്പെടുത്തൽ നടത്തി നാലുദിവസ ത്തിനുള്ളിൽത്തന്നെ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിന്റെ പ്രാഥമികാം ഗത്വത്തില്നിന്നു പുറത്താക്കി.
പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം തിങ്കളാഴ്ച ചേർന്ന ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ പയ്യന്നൂർ ഏരിയാ കമ്മിറ്റിക്കു കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളിലും കുഞ്ഞികൃഷ്ണനെതിരേയുള്ള നടപടി റിപ്പോർട്ട് ചെയ്തു.
കുഞ്ഞികൃഷ്ണന് നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കെയാണു കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തലുകൾ നടത്തിയത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി. കുഞ്ഞികൃഷ്ണന് ആരോപിച്ചിരുന്നു.
കണ്ണൂര്‍: പയ്യന്നൂര്‍ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തട്ടിപ്പ് ആരോപണങ്ങളില്‍ പാര്‍ട്ടിക്കു യാതൊരു സാമ്പത്തികനഷ്ടവും സംഭവിച്ചിട്ടില്ലെന്നും എന്നാൽ, ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് മറ്റ് പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി മാറ്റിയതിലും കണക്ക് അവതരിപ്പിക്കാന്‍ വൈകിയതിലും തെറ്റുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആവശ്യമായ തിരുത്തലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫണ്ടില്‍ നയാപൈസ പോലും നഷ്ടമായിട്ടില്ലെന്ന് രാഗേഷ് ആവര്‍ത്തിച്ചു.രക്തസാക്ഷി ഫണ്ട് വിവാദം പുറത്തുവിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതു സംബന്ധിച്ചു വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെത്തന്നെ പറയുമെന്നും കണക്കുകള്‍ മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ മാത്രമാണ് ശരിയെന്ന വി. കുഞ്ഞികൃഷ്ണന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്നും 2022 ഏപ്രിലില്‍ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത വിഷയങ്ങള്‍ വീണ്ടും ആരോപണമായി ഉന്നയിക്കുകയാണെന്നും രാഗേഷ് പറഞ്ഞു.
കുഞ്ഞികൃഷ്ണന് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലൂടെ പാര്‍ട്ടി ശത്രുക്കളുടെ "കോടാലിക്കൈ’യായി മാറിയെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അഭിമുഖം നല്‍കിയതെന്നും രാഗേഷ് ആരോപിച്ചു. കുഞ്ഞികൃഷ്ണന് ഉത്തമനായ കമ്യൂണിസ്റ്റല്ല. പാര്‍ട്ടിയെ പിന്നില്‍നിന്നു കുത്തിയ ആളാണ്. ഇത്തരം നീക്കങ്ങളെ നേരിടാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു സിപിഎമ്മെന്നും രാഗേഷ് പറഞ്ഞു.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിടുന്ന ടി.എ.മധുസൂദനൻ എംഎൽഎയെ രക്ഷിക്കാൻ സിപിഎം ശ്രമം ആരംഭിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇതിന്റെ ഭാഗമായാണ് കോൺഗ്രസ് മാർച്ചിനു നേരെ സിപിഎം ആക്രമണം നടത്തിയത്.
രക്തസാക്ഷി ഫണ്ട് വെട്ടിപ്പിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢനീക്കമാണ് ഈ ആക്രമണം. മുൻ ഏരിയാ സെക്രട്ടറി പി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലിലൂടെ സിപിഎമ്മിന്റെ ജീർണതയാണ് തുറന്നുകാട്ടപ്പെട്ടത്. ഇതിലെ ജാള്യതയാണ് സിപിഎമ്മിനെ ആക്രമത്തിന് പ്രേരിപ്പിക്കുന്നത്.
രക്തസാക്ഷി കുടുംബത്തോടും അണികളോടും സിപിഎമ്മിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ഫണ്ട് വെട്ടിപ്പ് നടത്തിയ പ്രതികളെ നിയമത്തിന് വിട്ടുകൊടുക്കുകണം. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഏറ്റുകുടുക്ക സ്വദേശി അനീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുന്നരു എയുപി സ്കൂളിലെ ജീവനക്കാരനാണ് അനീഷ്. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെയായിട്ടും മുറിക്കു പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അനീഷിന് സമ്മർദ്ദമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ 1056, 0471-2552056)